മിഷൻ ചക്കക്കൊമ്പൻ; ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു, ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കും
Nov 25, 2026, 10:54 IST
ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു. ആന തുരുത്തിലേക്ക് കയറിയതിന് പിന്നാലെയാണ് ദൗത്യം നിർത്തിവെക്കാൻ തീരുമാനിച്ചത്. രാവിലെ എട്ട് മണിയോടെ ആന ഉറങ്ങാൻ സാധ്യതയുള്ളതിനാൽ ഈ സമയത്ത് ശല്യപ്പെടുത്താൻ കഴിയില്ലെന്നും, ആന ഉണർന്നതിന് ശേഷം ഉച്ചയ്ക്ക് ശേഷം ദൗത്യം പുനരാരംഭിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
നിലവിൽ തുരുത്തിനുള്ളിലെ കാട്ടാനയുടെ നീക്കങ്ങൾ ഡ്രോൺ ഉപയോഗിച്ച് വനംവകുപ്പ് സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ദൗത്യത്തിന് നേതൃത്വം നൽകുന്നതിനായി ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് വിനോദ് കുമാർ ഡി.കെ. ഐ.എഫ്.എസ് ബേസ് ക്യാമ്പിൽ എത്തിച്ചേർന്നിട്ടുണ്ട്.