തെറ്റ് തിരുത്തൽ ചർച്ചയ്ക്ക് മുൻപ് ടി.പി വധത്തിലെ തെറ്റ് ഏറ്റുപറയണം: സി.പി.എമ്മിനെതിരെ കെ.കെ. രമ
പാർട്ടി നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയ-സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തുന്നതിന് മുൻപ്, ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയാൻ സി.പി.എം തയ്യാറാകണമെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ എം.എൽ.എ. കോഴിക്കോട് നടക്കുന്ന സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.കെ. രമയുടെ വിമർശനം.
നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദനും ടി.പി. ചന്ദ്രശേഖരനും അടക്കമുള്ളവർ നടത്തിയ പോരാട്ടങ്ങളെ പിന്തുണച്ചതിനും, പാർട്ടി തെറ്റുകൾക്കെതിരെ ചൂണ്ടിക്കാണിച്ചതിനുമാണ് ടി.പിയെ സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതെന്ന് കെ.കെ. രമ ആരോപിച്ചു.
കോഴിക്കോടിന്റെ മണ്ണിൽ വെട്ടിനുറുക്കി കൊലപ്പെടുത്തിയ ധീരനായ കമ്യൂണിസ്റ്റ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം തിരുത്താനാകാത്ത തെറ്റാണ്. ആ തെറ്റ് ഇനിയെങ്കിലും കേരളീയ പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത സി.പി.എം നേതൃത്വത്തിനുണ്ടോയെന്നും കെ.കെ. രമ ചോദിച്ചു.