എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി; ക്യാബിനറ്റ് റാങ്കോടെ നിയമനം
Sep 30, 2026, 21:02 IST
മുതിർന്ന മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന മുനീറിന് തൃപ്തികരമായ പദവി നൽകുമെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാകുന്നത്. മുസ്ലീം ലീഗ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ഭരണനിർവഹണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കുക, അധികാര വികേന്ദ്രീകരണം പഠിച്ച് ശുപാർശകൾ സമർപ്പിക്കുക എന്നിവയാണ് ഭരണപരിഷ്കാര കമ്മീഷന്റെ പ്രധാന ചുമതലകൾ. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു കമ്മീഷന്റെ മുൻ അധ്യക്ഷൻ. 2021-ൽ അദ്ദേഹം പദവി ഒഴിഞ്ഞതിന് ശേഷം അധ്യക്ഷ നിയമനം ഉണ്ടായിരുന്നില്ല.