എം.കെ. മുനീറിന് കാബിനറ്റ് പദവി; ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായേക്കും
Aug 6, 2026, 12:09 IST
മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീറിന് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാൻ ധാരണ. ബോർഡ്, കോർപ്പറേഷൻ പദവികളുടെ വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ ചർച്ചകൾ പുരോഗമിക്കവെയാണ് ലീഗിന്റെ ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടായത്.
സമാന്തരമായി കേരള കോൺഗ്രസ് (ജോസഫ്), മാണി സി. കാപ്പൻ എന്നിവരും കാബിനറ്റ് പദവിയുള്ള സ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പി.ജെ. ജോസഫിനായി മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ പദവിയാണ് ആലോചിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മുനീറിന്റെ കാര്യത്തിൽ തീരുമാനമായത്. വരാനിരിക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.