കേരളത്തിലെത്തുന്ന സഞ്ചാരികൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ്; ടൂറിസം മന്ത്രി
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ്പ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ദുബൈയിൽ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ കേരള പവലിയൻ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ചാരികൾക്ക് നേരിട്ട് പൊലീസിന്റെ സഹായം ലഭ്യമാക്കുന്ന ആപ്പിന് പുറമെ, അടുത്ത അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നൂറ് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. യു.എസ്, യുകെ എന്നിവക്ക് പിന്നാലെ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന രാജ്യമായി ഒമാൻ മാറിയെന്നും, മൺസൂൺ ടൂറിസത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യുഎഇ ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് ആൽ മരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഉത്സവ സീസണുകളിലെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് പരിഹരിക്കാൻ ഓപ്പൺ സ്‌കൈ പോളിസി നടപ്പാക്കുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും മന്ത്രി വ്യക്തമാക്കി.