രാജ്യം മുഴുവൻ ചുറ്റിക്കറങ്ങാൻ മോദിക്ക് സമയമുണ്ട്;കത്തിയെരിയുന്ന മണിപ്പൂരിലേക്ക് പോകാൻ സമയമില്ല: ഖർഗെ
സംസ്ഥാനങ്ങളുടെ ഫെഡറലിസത്തിൽ മോദി കൈ കടത്തുന്നുവെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് കോൺഗ്രസും യുഡിഎഫും പ്രതിജ്ഞാബദ്ധരാണെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. തേക്കിൻകാട് മൈതാനത്ത് തുടക്കമായ കോൺഗ്രസിന്റെ മഹാജനസഭയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടേത് സ്വകാര്യ മേഖലയെ പ്രീണിപ്പിക്കുന്ന സമീപനമാണ്. മറ്റു മേഖലകളെ നരേന്ദ്ര മോദി സ്വാഭാവിക മരണത്തിന് വിട്ടു നൽകുകയാണ്. പൊതുമേഖലയെ പ്രതാപ കാലത്തേക്ക് മടക്കി കൊണ്ട് വരാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. പൊതുമേഖലയെ മുഴുവൻ ഏതാനും മുതലാളിമാർക്ക് കൈമാറാനാണ് മോദിയുടെ ശ്രമം. മോദിയുടെ ഭരണത്തിൻ കീഴിൽ സാധാരണക്കാർ ദുരിതത്തിലാണ്. സ്ത്രീ വിരുദ്ധരെയും ദളിത് വിരുദ്ധരെയും സംരക്ഷിക്കുന്ന സമീപനമാണ് മോദി സർക്കാരിനുള്ളത്. കേരളത്തിലെ കലാലയങ്ങളിൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടനയിൽ നിന്നും മറ്റുള്ളവർക്ക് അതിക്രമം നേരിടേണ്ടി വരുന്നു.
ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങളോട് സന്ധിയില്ലാ സമരം വേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ അതിക്രമങ്ങളെ മോദി സർക്കാർ കാഴ്ച്ചക്കാരെ പോലെ നോക്കി നിൽക്കുകയാണ്. എന്ത് കൊണ്ട് മണിപ്പൂർ സന്ദർശിക്കാൻ മോദി തയാറാകുന്നില്ലെന്നും ഖർഗെ ചോദിച്ചു. ഇതാണ് മോദിയുടെ സമീപനം. അത് തുടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. രാജ്യം മുഴുവൻ ചുറ്റിക്കറങ്ങാൻ മോദിക്ക് സമയമുണ്ട്. കത്തി എരിയുന്ന മണിപ്പൂരിലേക്ക് പോകാൻ മോദിക്ക് സമയമില്ല. ഇഡിയും കേന്ദ്ര ഏജൻസികളുമാണ് മോദി സർക്കാരിന്റെ ആയുധം. മോദിയോടും ആർഎസ്എസിനോടുമുള്ള ബന്ധം മാത്രം പരിഗണിച്ച് ഉന്നത ഇടങ്ങളിൽ ആളുകളെ നിയമിക്കുകയാണ്. കേരളത്തിലെ കർഷകർ പ്രതിസന്ധിയിലാണ്. പലരുടെയും അവസ്ഥ പ്രയാസത്തിലാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് കണ്ണുനീർ കുടിക്കേണ്ട അവസ്ഥ വരില്ലെന്നും ഖർഗെ വ്യക്തമാക്കി.