കാലവർഷം മൂന്ന് ദിവസത്തിനകം കേരളത്തിൽ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ മഴ കനക്കും
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തെക്കുപടിഞ്ഞാറൻ കാലവർഷം (Monsoon) അടുത്ത മൂന്ന് ദിവസത്തിനകം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച മുതൽ സംസ്ഥാനത്തുടനീളം മഴയുടെ തീവ്രത വർദ്ധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മഴ കനക്കുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 10 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ചയോടെ മഴ കൂടുതൽ ശക്തിപ്രാപിക്കുന്നതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ അഞ്ചാം തീയതി വരെ ഒരുകാരണവശാലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ തീരവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.