മാസപ്പടി കേസ്: ഇ ഡി അന്വേഷണം തടയണം; സിഎംആർഎൽ ഹൈക്കോടതിയിൽ

 

മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി. നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു.ഇ ഡി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് കമ്പനി വീണ്ടും കോടതിയെ സമീപിച്ചത്. നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് വിവരം.

റെയ്ഡിനിടെ കണ്ടെത്തിയ ഡയറിയിലെ മറ്റ് പേരുകളെയും കേന്ദ്രീകരിച്ച് ഇ ഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 2019ൽ ക്ലോസ് ചെയ്ത വീണ വിജയന്റെ അബുദാബി ബാങ്ക് അക്കൗണ്ടും അന്വേഷണ പരിധിയിലാണ്. ഈ അക്കൗണ്ടിലൂടെയുള്ള ഇടപാടുകൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ആകെ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ വീണ വിജയനുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകളും ഉൾപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.