മാസപ്പടി കേസ്: പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ വിജിലൻസ് കേസ് ഉടൻ
സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ നീക്കം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്താനാണ് സർക്കാർ നീക്കം. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തെ റദ്ദാക്കിയ ഹൈക്കോടതി, കേസ് വിജിലൻസ് അന്വേഷിക്കണമെന്നും നിർദേശിച്ചിരുന്നു. കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയാൽ തിരിച്ചടിയുണ്ടാകാമെന്ന വിലയിരുത്തലിലാണ് സർക്കാർ നടപടി.
അതേസമയം, ഹൈക്കോടതി ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാൻ പിണറായി വിജയനും ഒരുങ്ങുന്നതായാണ് വിവരം. കേസിലെ കക്ഷികളെന്ന നിലയിൽ നിയമനടപടി സ്വീകരിക്കാനാണ് നീക്കം. നിയമവിദഗ്ധരുമായി ചർച്ച നടത്തിയശേഷം തുടർനടപടികൾ തീരുമാനിക്കും. തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നതാണ് പ്രധാന വാദം.