മാസപ്പടി കേസ്: ഇഡി നിർദേശത്തിൽ നിയമപരമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

 

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന്റെ നിർദേശത്തിൽ ആലോചിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഡിജിപിയുമായി സംസാരിച്ചെന്നും ഇ ഡിയുടെ കത്ത് ലഭിച്ചതായി മനസിലാക്കാൻ കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ ആലോചിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചത്. പി. എ. മുഹമ്മദ് റിയാസിനും വീണയ്ക്കുമെതിരെ കേസ് എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പി.എം.എൽ.എയിലെ 66(2) വകുപ്പ് പ്രകാരമാണ് റിപ്പോർട്ട് നൽകിയത്. മാസപ്പടി കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഇ.ഡി. ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.

അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതോടെ മാസപ്പടി കേസിൽ തുടർനടപടികളിലേക്ക് കടക്കാൻ ഇ.ഡിക്ക് വഴിയൊരുങ്ങും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.സേവനമൊന്നും നൽകാതെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് എക്‌സാലോജിക് 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്.