സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ നീക്കം; രാവിലെ 11 മുതൽ രാത്രി 11 വരെ ആക്കാൻ ആലോചന
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന ബാറുകളുടെ സമയം പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം. പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 23 മുതൽ 28 വരെ വിവിധ സംഘടനകളുമായി നടത്തുന്ന ചർച്ചകൾക്ക് മുന്നോടിയായാണ് നീക്കം.
ബാറുകളുടെ നിലവിലെ സമയക്രമം ജീവനക്കാർക്ക് കടുത്ത ജോലിഭാരം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു. രാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പുലർച്ചെ രണ്ടുമണിയാകുന്നുവെന്നും ഇത് ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുവെന്നുമാണ് തൊഴിലാളികളുടെ പരാതി.
അതേസമയം, ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 മണി വരെ നീട്ടിയതിനു പിന്നാലെ ക്രമസമാധാന പ്രശ്‌നങ്ങളും സംഘർഷങ്ങളും കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളും വർധിച്ചതായി ആഭ്യന്തര വകുപ്പും സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്രൈസ്തവ സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ സമുദായ സംഘടനകളും പ്രവർത്തനസമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങൾ കേട്ടശേഷം മുന്നണിയിലും പാർട്ടിക്കുള്ളിലും ചർച്ച നടത്തിയായിരിക്കും മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുക. ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന അനുവദിക്കുന്നതും മദ്യനികുതി ഘടനയിൽ മാറ്റം വരുത്തുന്നതും ഉൾപ്പെടെയുള്ള നിർണായക നിർദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്.