മുംബൈ ട്രെയിൻ സ്‌ഫോടനം: ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു
മുംബൈ ട്രെയിൻ സ്‌ഫോടന കേസിലെ പ്രതികളായ 12 പേരെയും വെറുതെവിട്ട ബോംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു. എന്നാൽ
പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ട് വച്ചത്.
2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പേരെ വെറുതെവിട്ട ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായി മഹാരാഷ്ട്ര സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 12 പേരെ വെറുതെവിട്ടത്. 2015 ലാണ് വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചു.
പ്രതികളായ ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നിവർക്ക് വധശിക്ഷയും. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും ശിക്ഷയുമായിരുന്നു വിധിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി വിധിയോടെ 12 പ്രതികളും മോചിതരാകുകയായിരുന്നു. സ്ഫോടനത്തിൽ 189 പേർ കൊല്ലപ്പെടും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.