മൂന്നാറിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ചു; ജാർഖണ്ഡ് സ്വദേശി പിടിയിൽ

 

മൂന്നാറിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച  ശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സലൈയാണ് സംഭവം നടന്ന് അഞ്ചു ദിവസത്തിനു ശേഷം ബോഡിമെട്ടിൽനിന്ന് പിടിയിലായത്. തമിഴ്‌നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ബസിൽവച്ചാണ് ഇയാളെ പിടികൂടിയത്.  

ഡിസംബർ 31നു രാത്രി എസ്റ്റേറ്റിലെ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ പ്രതി സൗഹൃദം കാട്ടി കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് അവശനിലയിൽ കണ്ടെത്തിയത്. ഇവരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ എത്തിയതോടെ പ്രതി വനത്തിലേക്ക് ഓടിപ്പോയി. പൊലീസും തോട്ടം തൊഴിലാളികളും വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് സലൈ, ഭാര്യ സുമരി എന്നിവർക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.