മലയിൻകീഴിൽ കുഞ്ഞിന്റെ കൊലപാതകം; വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് അമ്മയുടെ മൊഴി
മലയിൻകീഴിൽ ഒരുവയസ്സുള്ള മകളെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളെന്ന് പ്രതിയായ ക്രിസ്റ്റിയുടെ മൊഴി. ഭർത്താവ് വീട്ടിലേക്ക് പോകുന്നത് വിലക്കിയെന്നും കുടുംബത്തിൽ നിന്ന് അകറ്റിനിർത്തിയെന്നുമാണ് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞത്. ഇതിന്റെ മാനസിക വിഷമത്തിലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും മൊഴിയിലുണ്ട്.
മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു ശ്രമം. ജീവനൊടുക്കാനായി ഉറക്കഗുളികകൾ കഴിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു. അതേസമയം, യുവതിയുടെ മൊഴികൾ പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദമുൾപ്പെടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ മകൾ അന്നയാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. അമ്മയായ ക്രിസ്റ്റി അന്നയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് കുഞ്ഞിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പിന്നാലെ ക്രിസ്റ്റി ജീവനൊടുക്കാനും ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്റ്റി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈകിട്ടോടെ സംസാരിക്കും.
ക്രിസ്റ്റിയുടെയും അഭിജിത്തിന്റെയും വിവാഹവാർഷികദിനത്തിലായിരുന്നു ദാരുണമായ സംഭവം. നാലുവർഷം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് അഭിജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു. ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.