കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; ശ്വാസംമുട്ടിച്ചെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

 

ആലപ്പുഴ കരുവാറ്റയിൽ 65കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയതിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസംമുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. തലയിൽ ആഴത്തിലുള്ള മുറിവുകളും ശരീരമാകെ പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫോറൻസിക് വിഭാഗം അടുത്ത ദിവസം പൊലീസിന് കൈമാറും.

കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ സ്വദേശിയായ ശിവൻകുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

മരണം കൊലപാതകമാണെന്ന് ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ആലപ്പുഴ എസ്.പി. ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു. ബന്ധുക്കളോ അടുത്ത് പരിചയമുള്ളവരോ സംഭവത്തിന് പിന്നിലുണ്ടാകാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലപ്പെട്ടയാളുടെ 13 വയസ്സുകാരിയായ പേരക്കുട്ടിയെ തുടക്കത്തിൽ തന്നെ സംശയിച്ചിരുന്നുവെന്നും തുടർന്ന് കാമുകനടക്കമുള്ളവരെ ചോദ്യം ചെയ്താണ് കേസിന്റെ ചുരുളഴിച്ചതെന്നും എസ്.പി. വ്യക്തമാക്കി.

സ്വർണവും പണവും കവർന്നെടുക്കുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ 15ന് തന്നെ കരുവാറ്റയിലെത്തിയിരുന്നു. അന്നുരാത്രിയാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകനും സുഹൃത്തുക്കളും സ്ഥലത്തെത്തിയതെന്നും പൊലീസ് കണ്ടെത്തി.

കൊലപാതകം പെൺകുട്ടിക്ക് വീഡിയോ കോളിലൂടെ കാണിച്ചുനൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. വയോധികൻ മോശമായി പെരുമാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം കവർന്ന സ്വർണം കൊല്ലത്ത് എത്തിച്ച് വിൽക്കുകയായിരുന്നു. ഒരു മോതിരം മാത്രമാണ് വിറ്റത്. 16,000 രൂപയ്ക്കാണ് മോതിരം വിറ്റതെന്നും ബാക്കി സ്വർണം മുഴുവൻ പൊലീസ് വീണ്ടെടുത്തതായും എസ്.പി. അറിയിച്ചു.

കൊലപാതകം ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് നടത്തിയതെന്നും തെളിവ് നശിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തിയത് സിനിമകളിൽ നിന്നുള്ള പ്രചോദനത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബപ്രശ്‌നങ്ങൾ പെൺകുട്ടിയെ ബാധിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.