ആലപ്പുഴയിൽ വയോധികന്റെ കൊലപാതകം; ആസൂത്രണം ചെയ്തത് 13കാരിയായ പേരക്കുട്ടിയെന്ന് പൊലീസ്

 

ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടയാളുടെ 13 വയസ്സുകാരിയായ പേരക്കുട്ടിയാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംകൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് കൊല്ലപ്പെട്ടത്.

ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും മുത്തച്ഛൻ നിരന്തരം ശകാരിച്ചിരുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലത്ത് പഠിച്ചിരുന്ന കാലത്ത് പരിചയപ്പെട്ട സുഹൃത്തുക്കളെയും കാമുകനെയും ഉപയോഗിച്ചാണ് കൃത്യം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.

വീട്ടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള എളുപ്പവഴികളും വീടിന്റെ ഘടന സംബന്ധിച്ച വിവരങ്ങളും പെൺകുട്ടിയാണ് ഇവർക്ക് കൈമാറിയത്. കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ ഇല്ലാതിരുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യം ചെയ്യലിൽ പെൺകുട്ടി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് പൊലീസ് പറയുന്നു.

വീടിന്റെ മറ്റ് മുറികൾ അലങ്കോലപ്പെട്ടിരുന്നെങ്കിലും പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. ഇതോടെ വീടുമായി അടുത്ത ബന്ധമുള്ളവരാകാം കൃത്യത്തിന് പിന്നിലെന്ന സംശയം പൊലീസിനുണ്ടായി.തുടർന്ന് നടത്തിയ മൊബൈൽ ഫോൺ രേഖകളുടെ പരിശോധനയിലാണ് പെൺകുട്ടിയിലേക്ക് അന്വേഷണം എത്തിയത്. ചോദ്യംചെയ്യുന്നൊടുവിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.കൊള്ളയടിച്ച സ്വർണം വിറ്റ് ലഭിക്കുന്ന പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു.