മുട്ടിൽ മരംമുറി കേസ്: വനംവകുപ്പ് രണ്ടാം കുറ്റപത്രം സമർപ്പിച്ചു

 

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് രണ്ടാം കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ നിലനിന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

നേരത്തെ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ഗുരുതര വീഴ്ചയാണെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര പിഴവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.

വൈകിയതിന്റെ കാരണം സംബന്ധിച്ച വിശദീകരണമോ റിപ്പോർട്ടോ ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസ് തള്ളണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.