മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്
വയനാട്ടിലെ വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ വാറന്റ്. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നിർദേശിച്ച് വാറന്റ് പുറപ്പെടുവിച്ചത്.
വനംവകുപ്പിന്റെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മുട്ടിലിൽനിന്ന് അനധികൃതമായി മരം മുറിച്ച് കടത്തുകയും എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വിൽക്കുകയും ചെയ്തുവെന്നാണ് കേസ്. വിശ്വാസവഞ്ചന നടത്തി മരം വിൽപ്പന നടത്തിയെന്നാരോപിച്ച് കമ്പനി ഉടമ നൽകിയ പരാതിയിലാണ് 2021 ൽ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതിയാക്കി പോലീസ് കേസ് എടുത്തത്. എന്നാൽ മരം കൊണ്ടുപോകാൻ പ്രത്യേക പാസ് ആവശ്യമില്ലെന്നും വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പ്രതികൾ ആദ്യം ചോറ്റാനിക്കര കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം കീഴ്കോടതി തള്ളിയതോടെയാണ് പ്രതികൾ റിവിഷൻ ഹജിയുമായി ഹൈക്കോടതിയിലെത്തിയത്.