പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കാൻ 'മൈ പൊലീസ് സ്റ്റേഷൻ'; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

 

പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കം. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുതാര്യവുമായ പൊലീസ് സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക പരാതി പരിഹാര സംവിധാനങ്ങളും ഓൺലൈൻ സേവനങ്ങളും ഒരുക്കും.

അതേസമയം, പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ ചുമതലകളിൽ വരുത്തുന്ന പരിഷ്കാരം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്തെ 419 പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് തിരികെ നൽകും. 64 സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാർ എസ്‌എച്ച്‌ഒമാരായി തുടരും. മുമ്പ് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് എസ്എച്ച്‌ഒ ചുമതല എസ്ഐമാരിൽ നിന്ന് സിഐമാർക്ക് കൈമാറിയത്. എന്നാൽ ഇത് പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളെയും പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് ചുമതല വീണ്ടും സബ് ഇൻസ്‌പെക്ടർമാർക്ക് നൽകാൻ തീരുമാനിച്ചത്.