'മൈ പൊലീസ് സ്റ്റേഷൻ'; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വി.ഡി. സതീശൻ നിർവഹിച്ചു.
സംസ്ഥാന പൊലീസിന് കൂടുതൽ ജനസൗഹൃദ മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം-ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുത്തു.
പൊലീസിനെ ജനങ്ങൾക്ക് ഒരു സുഹൃത്തായി തോന്നുന്ന തരത്തിൽ മാറ്റിയെടുക്കുകയാണ് 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണങ്ങളും കസ്റ്റഡി ആക്രമണങ്ങളും ഇനി പൊലീസ് സ്റ്റേഷനുകളിൽ ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരള പൊലീസിന്റെ ചരിത്രത്തിലെ സുപ്രധാന കാൽവയ്പാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതികളുമായി എത്തുന്നവർക്ക് കൂടുതൽ സൗകര്യപ്രദവും സുതാര്യവുമായ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പൊതുജനങ്ങൾക്കായി പ്രത്യേക പരാതി പരിഹാര സംവിധാനം, വനിതാ ഹെൽപ്പ് ഡെസ്‌ക്, കുട്ടികളുടെ ഹെൽപ്പ് ഡെസ്‌ക്, മുതിർന്ന പൗരന്മാർക്കുള്ള ഹെൽപ്പ് ഡെസ്‌ക്, ട്രാൻസ്ജെൻഡർ ഹെൽപ്പ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള ഹെൽപ്പ് ഡെസ്‌ക് എന്നിവ ഒരുക്കും.
സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച സഹായത്തിനായി പ്രത്യേക ഹെൽപ്പ് ഡെസ്‌കും നിയമസഹായ ഹെൽപ്പ് ഡെസ്‌കും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. വിവിധ അപേക്ഷകൾ സമർപ്പിക്കൽ, ഓൺലൈൻ സേവനങ്ങൾ, വിവരാവകാശ നിയമപ്രകാരമുള്ള സേവനങ്ങൾ, എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും.
തിരുവനന്തപുരം മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ, നിയമ-ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പി. വിജയൻ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.