സെൻസസ് ചോദ്യാവലിയിൽ നിന്ന് ദുരൂഹ ചോദ്യങ്ങൾ ഒഴിവാക്കണം, എൻപിആറിനുള്ള അജണ്ട ഒളിച്ചുകടത്തുന്നു; പിണറായി വിജയൻ
സെൻസസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കുന്നതിനുള്ള അജണ്ട കേന്ദ്ര സർക്കാർ ഒളിച്ചുകടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. വരാനിരിക്കുന്ന സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയത് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം
വരാനിരിക്കുന്ന സെന്‍സസ് ചോദ്യാവലിയില്‍ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള അജണ്ടകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ഒളിച്ചുകടത്തുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം അത്യന്തം അപലപനീയമാണ്.
സെന്‍സസും എന്‍പിആറും രണ്ടാണെങ്കിലും, സെന്‍സസിനൊപ്പം എന്‍പിആര്‍ കൂടി ഉള്‍പ്പെടുത്താനാണ് കേന്ദ്രശ്രമം. എന്‍പിആറിലെ വിവരങ്ങള്‍ അരിച്ചെടുത്താണ് എന്‍ആര്‍സി ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എന്‍പിആര്‍ എന്നത് എന്‍ആര്‍സിയുടെ ആദ്യപടിയാണെന്നും 2018-19 ലെ ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ ചോദ്യങ്ങള്‍ സെന്‍സസില്‍ ഉള്‍പ്പെടുത്തുന്നത് എന്ത് ഉദ്ദേശിച്ചാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം ദുരൂഹമായ ചോദ്യങ്ങള്‍ സെന്‍സസില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഈ അപകടകരമായ നീക്കത്തെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ മതനിരപേക്ഷ സമൂഹം മുന്നോട്ടുവരണം. അതേസമയം, സെന്‍സസുമായി ബന്ധപ്പെട്ട് ഇത്തരമൊരു ആശങ്ക ഉയര്‍ന്നുവന്നിട്ടും കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ആശങ്കാജനകമാണ്. എന്‍പിആര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കൈകള്‍ ഒട്ടും ശുദ്ധമല്ല എന്നതു തന്നെയാണ് ഇതിന്റെ പ്രധാനകാരണം. 2003 ലെ വാജ്പേയ് സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിയിലൂടെയാണ് എന്‍ആര്‍സിയും എന്‍പിആറും വന്നതെങ്കിലും, 2010 ല്‍ അത് ആദ്യമായി നടപ്പിലാക്കിയത് യുപിഎ സര്‍ക്കാരാണ്. എന്‍ആര്‍സിയിലേക്ക് നീളുന്ന എന്‍പിആര്‍, ഡിഎന്‍എ പ്രൊഫൈലിംഗ് തുടങ്ങിയ അപകടകരമായ നയങ്ങള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസായതുകൊണ്ടാണ് ഈ വിഷയത്തില്‍ യുഡിഎഫ് മൗനം പാലിക്കുന്നത്.
കേരളത്തില്‍ എന്‍പിആര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2019 ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ തീരുമാനിച്ചതാണ്. 2027 ല്‍ സെന്‍സസ് നടപടികള്‍ പുനരാരംഭിക്കുന്ന വേളയില്‍ അതിന്റെ ഭാഗമായി കേരളത്തില്‍ ഒരു കാരണവശാലും എന്‍പിആര്‍ നടപ്പാക്കില്ല എന്നുറപ്പുവരുത്താന്‍ ഇക്കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു. ഭരണ മാറ്റത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കുന്ന രീതിയാണ് യുഡിഎഫ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഈ വിഷയത്തിലും അതേ വിധേയത്വം തുടരുമോ എന്ന് ജാഗ്രതപ്പെടേണ്ടതുണ്ട്