കൊല്ലത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് ദേശീയ ഹാൻഡ്‌ബോൾ താരം മരിച്ചു
ചിന്നക്കട-ആശ്രാമം റെസിഡൻസി റോഡിലുണ്ടായ വാഹനാപകടത്തിൽ ദേശീയ ഹാൻഡ്‌ബോൾ താരവും കായികാധ്യാപകനുമായ വി. അജിത് കുമാർ (50) മരിച്ചു. വ്യാഴാഴ്ച രാത്രി 10.15-ഓടെയായിരുന്നു അപകടം. ആശ്രാമം ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ അജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡരികിലെ താഴ്ചയിലേക്ക് തെറിച്ചുവീണ അജിത് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊല്ലം ജെ.എൻ.ആർ.എ. നഗർ വിജയ് ഭവനിൽ താമസക്കാരനായ അദ്ദേഹം പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി. സ്‌കൂളിലെ കായികാധ്യാപകനായിരുന്നു.
പുള്ളിക്കട കോളനിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മികച്ചൊരു കായികതാരം എന്നതിലുപരി വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനായ അധ്യാപകന്റെ അപ്രതീക്ഷിത വേർപാട് കൊല്ലത്തെ കായിക-വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ നഷ്ടമാണ്.