ദേശീയപാത സുരക്ഷ ഉറപ്പാക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

 

ദേശീയപാതകളിലെ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ. തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന ആവശ്യം.

ദേശീയപാതകളിൽ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാർക്കിങ് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണ മേഖലകളിൽ എത്തുന്ന വാഹനങ്ങളും ഭാരവാഹനങ്ങളും റോഡരികിൽ അപകടകരമായി പാർക്ക് ചെയ്യുന്നത് തടയാൻ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ദേശീയപാതയിലെ അപകടസാധ്യതയുള്ള മേഖലകളിൽ അടിയന്തര പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.