ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ
സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാര മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകൾ പണിമുടക്കിന്റെ ഭാഗമാകും
കേന്ദ്രസർക്കാറിന്റെ പുതിയ തൊഴിൽകോഡുകൾ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകൾ ഒരുമിച്ച് നാളെ ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂർണ്ണ വിദേശ നിക്ഷേപത്തിൽ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാർ വരെയുള്ള വിഷയങ്ങൾ പണിമുടക്കിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, കലാലയങ്ങൾ, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും. കെഎസ്ആർടിസി സർവീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകും. ബിജെപി അനുകൂല സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കില്ല.
വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ പരീക്ഷകൾ മാറ്റിവെക്കും. റെയിൽവേ തൊഴിലാളി സംഘടനകളിൽ ചിലത് സമരത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും റെയിൽ ഗതാഗതം സ്തംഭിക്കാൻ സാധ്യതയില്ല. ആശുപത്രികൾ, പാൽ, പത്രം തുടങ്ങിയ അവശ്യസർവീസുകൾ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്