എട്ടാം ക്ലാസ് മുതൽ കലാവിഷയങ്ങൾ നിർബന്ധമാക്കി എൻസിആർടി
2025-26 അധ്യയന വർഷം മുതൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് കലാവിഷയങ്ങൾ നിർബന്ധമാക്കാൻ എൻസിആർടി തീരുമാനിച്ചു. തിയേറ്റർ, സംഗീതം, നാടകം, വിഷ്വൽ ആർട്‌സ് തുടങ്ങിയ കലാവിഷയങ്ങൾ ഇനിയൊരു നിർബന്ധിത പഠനവിഷയമാവും
എൻഇപി 2020, സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023 എന്നിവയ്ക്ക് അനുസരിച്ചുള്ളതാണ് പുതിയ നടപടി.എൻസിഇആർടി ഇതു സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നു.'ആർട്ട്' ഒരു നിർബന്ധിത വിഷയമായി ഉൾപ്പെടുത്തുമെന്നും വിദ്യാർഥികൾ ഈ വിഷയം തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത ക്ലാസിലേക്ക് പ്രവേശിക്കാൻ ഈ വിഷയം പാസാകേണ്ടതുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.
2025-2026 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലെ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി 'കൃതി' എന്ന ഒരു ആർട്ട് പാഠപുസ്തകം എൻസിഇആർടി പുറത്തിറക്കിയിട്ടുണ്ട്.
കൃതിക്ക് പുറമെ, എട്ടാം ക്ലാസിനും അഞ്ചാം ക്ലാസിനുമായി നിരവധി പുതിയ പാഠപുസ്തകങ്ങളും എൻസിഇആർടി പുറത്തിറക്കിയിട്ടുണ്ട്. എട്ടാം ക്ലാസിനു വേണ്ടി, പരിഷ്‌കരിച്ച ഇംഗ്ലീഷ് പാഠപുസ്തകമായ 'പൂർവി'യും ഹിന്ദി പാഠപുസ്തകമായ 'മൽഹാറും' പുറത്തിറക്കിയിട്ടുണ്ട്. അഞ്ചാം ക്ലാസിനു വേണ്ടി ഇംഗ്ലീഷ്, ഹിന്ദി പാഠപുസ്തകങ്ങളായി 'സന്തൂർ', 'വീണ' എന്നിവയും പുറത്തിറക്കിയിട്ടുണ്ട്