നെടുമ്പാശേരി അപകടം: സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി; 14 ദിവസത്തിനകം മറുപടി നൽകണം

 

നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി സുഹൈലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പൊലീസിന്റെ ശുപാർശ പ്രകാരം എറണാകുളം റീജണൽ ട്രാൻസ്പോർട്ട് ഓഫീസറാണ് നോട്ടീസ് നൽകിയത്. 14 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.

സുഹൈലിന്റെ മറുപടി ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു. ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചതിന് പുറമെ മിനി കൂപ്പറിന്റെ എക്സ്ഹോസ്റ്റ് സംവിധാനം രൂപമാറ്റം വരുത്തിയതായും ഇതുമൂലം കടുത്ത ശബ്ദമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശേരി വിമാനത്താവള റോഡിൽ സുഹൈൽ ഓടിച്ച മിനി കൂപ്പർ സ്‌കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ചത്. കേസിൽ അറസ്റ്റിലായ സുഹൈലിനും കാറിലുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു.

സ്‌കൂട്ടറിൽ മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്തതാണ് അപകടത്തിന് കാരണമെന്നും അപകടത്തിന് ദൃക്സാക്ഷികളില്ലെന്നും കാർ അമിതവേഗത്തിലായിരുന്നുവെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ മേൽക്കോടതിയെ സമീപിച്ചേക്കും.