നെടുമ്പാശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി അങ്കമാലി കോടതി

 

നെടുമ്പാശേരി എയർപോർട്ട് റോഡിൽ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ ഒന്നു മുതൽ നാലു വരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി തള്ളിയത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരുടെ ദാരുണാന്ത്യത്തിനിടയാക്കിയ അപകടമുണ്ടായത്. കൊച്ചിയിലെ ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു.

അപകടസമയത്ത് ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലിഗ്രാമും മൂത്രത്തിൽ 230 മില്ലിഗ്രാമും ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.