നെടുമ്പാശേരി വാഹനാപകടം: പ്രതിക്ക് 10 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതായി ആഭ്യന്തരമന്ത്രി; ആവശ്യമെങ്കിൽ ബോർസ്റ്റൽ സ്കൂളിൽ നിന്ന് മാറ്റും
നെടുമ്പാശേരിയിൽ നടന്ന നാടിനെ നടുക്കിയ വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതീവ ദുഃഖകരമായ സംഭവമാണ് നെടുമ്പാശേരിയിൽ ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രതി അമിതവേഗതയിലാണ് വാഹനമോടിച്ചിരുന്നത്. അപകടം നടന്ന ദിവസം തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പിന് പോലീസ് രേഖാമൂലം അപേക്ഷ നൽകിയിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ ജയിൽ നിയമമനുസരിച്ച് 18 മുതൽ 21 വയസ്സുവരെ പ്രായമുള്ളവരെ ബോർസ്റ്റൽ സ്കൂളിലാണ് തടവിൽ പാർപ്പിക്കേണ്ടത്. അതുകൊണ്ടാണ് നാല് പ്രതികളെയും കോടതി ബോർസ്റ്റൽ സ്കൂളിലേക്ക് അയച്ചത്. ആവശ്യമെങ്കിൽ ഇവരെ ബോർസ്റ്റൽ സ്കൂളിൽ നിന്ന് മാറ്റുമെന്നും ആഭ്യന്തരമന്ത്രി നിയമസഭയിൽ അറിയിച്ചു. പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ഐ.ജി നിശാന്തിനിയെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. വിവിധ കേന്ദ്രങ്ങളിൽ നിന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും വൈദ്യപരിശോധനയിൽ പിഴവുണ്ടായിട്ടില്ലെന്നും പ്രതി മദ്യപിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പുലർച്ചെ 1:30-ന് അപകടം നടന്നിട്ടും മൂന്ന് മണിക്കൂറിനു ശേഷമാണ് ജനറൽ ഡയറി (ജിഡി) എൻട്രി രേഖപ്പെടുത്തിയതെന്നും അതിനുശേഷമാണ് എഫ്ഐആർ ഇട്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സബ്മിഷനിലൂടെ ആരോപിച്ചു. ലഹരിയിലായിരുന്ന പ്രതിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമായിരുന്നു. എന്നാൽ ഇത് വൈകിയെന്നും കൃത്യമായ വൈദ്യപരിശോധന നടന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള നടപടികൾ ഉണ്ടായില്ലെന്നും എഫ്ഐആറിൽ പേര് ചേർക്കാൻ പോലീസ് മടി കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം നൽകിയതിന് മൂന്ന് ബാറുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും, പ്രതി മദ്യപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ കൃത്യമായ വൈദ്യപരിശോധന വേണമായിരുന്നുവെന്നും അതുണ്ടായില്ലെന്നുമാണ് പ്രധാന ആക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളിയെ ബോർസ്റ്റൽ സ്കൂളിലേക്കാണ് മാറ്റിയതെങ്കിലും, ഇത്തരം കേസ് പ്രതികളെ ബോർസ്റ്റൽ സ്കൂളിലേക്കാണോ അതോ ജുവനൈൽ ഹോമുകളിലേക്കാണോ മാറ്റേണ്ടതെന്ന കാര്യത്തിൽ പുനർചിന്തനം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ആവശ്യപ്പെട്ടു.