നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; നാല് പ്രതികളും പൊലീസ് കസ്റ്റഡിയിൽ
നെടുമ്പാശേരിയിൽ നാടിനെ നടുക്കിയ വാഹനാപകടത്തിൽ, പ്രതിയായ 19കാരൻ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സാംബശിവറാവു സസ്പെൻഡ് ചെയ്തു. കടവന്ത്രയിലെ 'ദയ ബാർ', പാലാരിവട്ടത്തെ 'മൺസൂൺ എംപ്രസ്', നെടുമ്പാശ്ശേരിയിലെ 'ഹോട്ടൽ മാരിയട്ട്' എന്നീ സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്.
കാറോടിച്ച സുഹൈൽ സജീവ് അടക്കം നാല് പ്രതികളെയും അങ്കമാലി കോടതി നാളെ വൈകീട്ട് അഞ്ചുമണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷണത്തിനായി ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറിൽ സാങ്കേതിക പരിശോധന നടത്തി. ബി.എം.ഡബ്ല്യു. ഷോറൂമിൽ നിന്നുള്ള ടെക്നീഷ്യൻമാരെത്തിയാണ് വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിച്ചത്. അപകടസമയത്തെ വേഗത, ബ്രേക്ക് ചെയ്ത വിവരങ്ങൾ എന്നിവ ഇതിലൂടെ വ്യക്തമാകും.
ഗൂഢാലോചനയില്ലാത്ത കേസിൽ കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതിലൂടെയുണ്ടായ ഭവിഷ്യത്തുകൾ അറിയാവുന്നവരാണ് പ്രതികളെന്നും, വിശദമായി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തുന്നതിന് കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ അങ്കമാലി കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. പ്രതികൾക്ക് രക്ഷപ്പെടാൻ ഒരു പഴുതും നൽകില്ലെന്നും ആവശ്യമാണെങ്കിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയിൽ അറിയിച്ചു.