നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ; ബാറുകൾക്കെതിരെയും നടപടിക്ക് നിർദ്ദേശം

 

എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ. ആലപ്പുഴ സ്വദേശി നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അപകടം നടക്കുമ്പോൾ പ്രതിയോടൊപ്പം മിനികൂപ്പർ കാറിലുണ്ടായിരുന്ന ഇയാൾ, സുഹൈൽ മദ്യപിച്ച് വാഹനമോടിച്ചിട്ടും തടയാത്തതിനാണ് അറസ്റ്റിലായത്.

അപകടത്തിന് കാരണക്കാരനായ 19 വയസുകാരൻ സുഹൈൽ സജീവ് വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന്, മദ്യം നൽകിയ ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രി എം. ലിജു ഉത്തരവിട്ടു. ബാർ ഉടമകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് കമ്മീഷണർക്കും എറണാകുളം എക്സൈസ് ജോയിന്റ് കമ്മീഷണർക്കുമാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ചായക്കടയിൽ നിന്ന് മടങ്ങുകയായിരുന്ന ഇജാസ് (കർണാടക), ഗോപിക (പാലക്കാട്), ദേവിക (വയനാട്) എന്നിവരുടെ സ്കൂട്ടറിന് പിറലിൽ മണിക്കൂറിൽ 218 കിലോമീറ്റർ വേഗതയിലെത്തിയ മിനികൂപ്പർ കാർ ഇടിക്കുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് കസ്റ്റഡിയിലാണ്.