നീറ്റ് പരീക്ഷാ ക്രമക്കേട്: പ്രതിഷേധം ശക്തം; എജീസ് ഓഫീസിലേക്ക് SFI മാർച്ച് ; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

 

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. തിരുവനന്തപുരം എജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ പൊലീസ്-പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ ഒരു പൊലീസുകാരന് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.

ക്രമക്കേടിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐ നിലപാട്. വിദ്യാർഥികളുടെ ജീവിതം വെച്ച് കേന്ദ്രസർക്കാർ കളിക്കുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികളിൽ ഒരാളെ പൊലീസ് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വിദ്യാർഥിയെ തിരിച്ചിറക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് SFI വ്യക്തമാക്കി. സ്റ്റേഷന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.