നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്ര സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം: പി.എ മുഹമ്മദ് റിയാസ്
നീറ്റ്-യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.എ മുഹമ്മദ് റിയാസ്. രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ നടത്തിപ്പ് പ്രഹസനമാക്കി മാറ്റിയ നടപടികൾ പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് പ്രചരിച്ച 'ഊഹ ചോദ്യപേപ്പർ'യിലെ 600 മാർക്കിന്റെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതായിരുന്നുവെന്നത് അതീവ ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൻ തുക ഈടാക്കി പ്രവർത്തിക്കുന്ന ഗൈഡ്, കോച്ചിങ് മാഫിയകളാണ് ചോദ്യപേപ്പർ ചോർത്തിയതെന്നും അദ്ദേഹം ആരോപിച്ചു.നീറ്റ് പരീക്ഷയുടെ സുതാര്യത തുടർച്ചയായി ചോദ്യം ചെയ്യപ്പെടുകയാണെന്നും രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസ്യത തകരാൻ കാരണം നാഷണൽ ടെസ്റ്റിങ് ഏജൻസിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമാണെന്നും പി.എ മുഹമ്മദ് റിയാസ് വിമർശിച്ചു.