നീറ്റ് ക്രമക്കേട്: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ സമരം അവസാനിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് സി.ജെ.പി വീണ്ടും രംഗത്തെത്തി. വാഗ്ദാനങ്ങൾ പാലിക്കാതെ വിദ്യാർഥി സമൂഹത്തെ സർക്കാർ വഞ്ചിച്ചതായി പ്രഷർ ഗ്രൂപ്പായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടും കേസുകളുടെ പട്ടിക കോടതിയിൽ ഹാജരാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ലീഗൽ അഫയേഴ്‌സ് ലീഡ് രത്‌ന സിങ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതിലും തുടർചർച്ചകളിലും സർക്കാർ പ്രതികരിച്ചിട്ടില്ല.
നൽകിയ ഉറപ്പുകൾ പാലിക്കുന്നതുവരെ വിശ്രമിക്കില്ലെന്ന് പ്രഖ്യാപിച്ച സംഘടന, അടുത്തഘട്ട പ്രക്ഷോഭങ്ങൾ തീരുമാനിക്കുന്നതിനായി ഓഗസ്റ്റ് 24-ന് ആഗോള യോഗം ചേരുമെന്നും രാജ്യവ്യാപകമായി വീണ്ടും സമരത്തിനിറങ്ങാൻ വിദ്യാർഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്തു.