നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ ബുധനാഴ്ച
പാലക്കാട് നെന്മാറ ഇരട്ടകൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജാണ് വിധി പ്രസ്താവിച്ചത്.കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് ചോദിച്ചപ്പോള്‍ തന്നെ തൂക്കികൊന്നോളൂവെന്നായിരുന്നു മറുപടി. ജൂലെെ 15 ബുധനാഴ്ച ശിക്ഷ വിധിക്കും.
2025 ജനുവരി 27-ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 2019-ൽ അയൽവാസിയായിരുന്ന സജിതയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും കോടതി വിധിച്ചിരുന്നു.