നേപ്പാൾ മിന്നൽ പ്രളയം: കാണാതായവരില്‍ കൊല്ലം സ്വദേശിനിയും
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് ലണ്ടനിൽ സ്ഥിരതാമസമാക്കിയ കൊല്ലം പരവൂർ കോങ്ങൽ സ്വദേശിനി സുനന്ദ മണിരാജനെ (യുകെ പൗര) കാണാതായി. കൈലാസ മാനസസരോവർ തീർഥയാത്രയ്ക്കായി പോയ സുനന്ദ ഉൾപ്പെടെയുള്ള 17 അംഗ സംഘത്തെയും 5 ഗൈഡുകളെയുമാണ് പ്രളയത്തെ തുടർന്ന് കാണാതായത്.
ഓഗസ്റ്റ് 22-ന് ലണ്ടനിൽ നിന്ന് ഡൽഹിയിലെത്തിയ സുനന്ദ, തുടർന്ന് വിമാനമാർഗം കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു. ഓഗസ്റ്റ് 25-നാണ് ഇവർ അവസാനമായി നാട്ടിലേക്ക് വിളിച്ചത്. ടിബറ്റ്–നേപ്പാൾ അതിർത്തിയിലെ റാസുവഗാധിയിലെത്തിയ ശേഷം ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രളയവിവരം അറിയുന്നത്.
സംഭവത്തിൽ ബന്ധുക്കൾ മിസ്സിംഗ് പരാതി നൽകിയിട്ടുണ്ട്. നോർക്ക, കേന്ദ്ര വിദേശകാര്യമന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി എന്നിവർക്ക് വിവരങ്ങൾ കൈമാറി. യുകെയിലുള്ള സുനന്ദയുടെ മക്കൾ ബ്രിട്ടീഷ് എംബസി വഴിയും അന്വേഷണം നടത്തുന്നുണ്ട്. കാഠ്മണ്ഡുവിന് പുറമേ ചൈനീസ് എംബസിയുമായും ബന്ധപ്പെട്ട് തെരച്ചിൽ ഊർജിതമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.