ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Jul 25, 2026, 16:18 IST
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ - വടക്കൻ ഒഡീഷ തീരങ്ങൾക്ക് മുകളിലുമായാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 2-3 ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കൂടാതെ തെക്കുപടിഞ്ഞാറൻ രാജസ്ഥാന് മുകളിലുള്ള ന്യൂനമർദ്ദവും തുടരുന്നുണ്ട്. ഇവയുടെ സ്വാധീനത്താൽ തിങ്കൾ മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.
അലർട്ടുകൾ നൽകിയിരിക്കുന്ന ജില്ലകൾ:
- തിങ്കൾ: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
- ചൊവ്വ: പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
- ബുധൻ: തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്
മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.