പുതിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും

 

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പുതിയ ഭാരവാഹികൾ ഇന്ന് അധികാരമേൽക്കും. ഒജെ ജനീഷ് സംസ്ഥാന അധ്യക്ഷനായും ബിനു ചുള്ളിയേൽ വർക്കിങ് പ്രസിഡന്റായും ചുമതലയേൽക്കുന്നത് ഇന്ന് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിൽ വെച്ചാണ്. ഈ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ്ബും പങ്കെടുക്കും. അതേസമയം, പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ചടങ്ങിൽ ഉണ്ടാകില്ല.

വൈസ് പ്രസിഡന്റായിരുന്ന ജനീഷിന് സംസ്ഥാന അധ്യക്ഷ സ്ഥാനം ലഭിച്ചത്, ലൈംഗിക ആരോപണത്തെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ച ഒഴിവിലാണ്. അബിൻ വർക്കിയെ പ്രസിഡന്റാക്കാത്തതിൽ ഐ ഗ്രൂപ്പിന് ശക്തമായ അതൃപ്തിയുണ്ട്. പ്രതിപക്ഷ നേതാവ് കൊല്ലത്ത് മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനാലും, രമേശ് ചെന്നിത്തല അമ്മയുടെ സഞ്ചയന ചടങ്ങിലായതിനാലുമാണ് ഇവർ ചുമതലയേൽക്കൽ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഉച്ചയ്ക്ക് ശേഷം സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന ഈ യോഗത്തിലും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ പങ്കെടുക്കും.