ബിജെപി കോർ കമ്മിറ്റിയെക്കുറിച്ചുള്ള വാർത്തകൾ വ്യാജം:പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു;രാജീവ് ചന്ദ്രശേഖർ
ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കല്പ കഥകൾ ഉണ്ടാക്കി അവതരിപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോർ കമ്മറ്റിയിൽ എസ് സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്. സുരേഷിൽ പൂർണ വിശ്വാസമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പാർട്ടി പ്രവർത്തകരും അനുഭാവികളും, നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴില്ലെന്നുറപ്പാണ്. എന്നാൽ പൊതു സമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനാണ് ചിലരുടെ ലക്ഷ്യമെങ്കിൽ അതു പരാജയപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് നിരവധി തവണ മാധ്യമങ്ങളോട് വ്യക്തമാക്കിക്കഴിഞ്ഞതാണ്.എന്നാൽ വീണ്ടും വീണ്ടും, നടക്കാത്ത ചർച്ചകൾ നടന്നു എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ തുടരുന്നത് മാധ്യമ ധർമ്മമല്ലല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.