നിപ: ജാഗ്രത ശക്തമാക്കി, സമ്പർക്കപ്പട്ടികയിൽ 22 പേർ, ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കും
നിപ്പ സ്ഥിരീകരിച്ച കോഴിക്കോട് ഫറോക്ക് സ്വദേശിയുടെ സമ്പർക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്. വീട്ടുകാരും അയൽവാസികളും ഉൾപ്പെടെ ഇരുപത്തിരണ്ട് പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു. ഇവരിൽ ഒമ്പത് പേർ കുടുംബാംഗങ്ങളും സമീപവാസികളുമാണ്.
സംസ്ഥാനതലത്തിലുള്ള നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം രോഗബാധിതന്റെ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും . രോഗവ്യാപനം തടയുന്നതിനായി റാപ്പിഡ് റെസ്പോൺസ് ടീം (RRT) സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവാവിന് നിപ വൈറസ് സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്.നിപ ബാധിച്ച രോഗിയെ പ്രവേശിപ്പിച്ചതോടെ മെഡിക്കൽ കോളേജിലെ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.