നിപയിൽ ആശ്വാസം; നിരീക്ഷണത്തിലുണ്ടായിരുന്ന എല്ലാവരും ആശുപത്രി വിട്ടു
നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അവസാന മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ എല്ലാവരും ആശുപത്രി വിട്ടു.
അതേസമയം, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലം നെഗറ്റീവാണ്. നിപ ബാധിച്ച രോഗി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.
സംസ്ഥാനത്ത് 10 ഷിഗെല്ല കേസുകൾ കൂടി
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (3), തിരുവനന്തപുരം (2), തൃശൂർ (2), മലപ്പുറം (2), പാലക്കാട് (1) എന്നിങ്ങനെയാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 120 ഷിഗെല്ല കേസുകളും 5 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ ഷിഗെല്ല കേസുകളുടെ എണ്ണം 196 ആയി ഉയർന്നു.