നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലെ ഒരാൾകൂടി ആശുപത്രി വിട്ടു

 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ നിരീക്ഷണത്തിലായിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഇയാളെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 9 പേരിൽ 6 പേർ മടങ്ങി. 3 പേർ നിലവിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

അതേസമയം, നിപ ബാധിച്ച രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിലുള്ള 104 പേരിൽ 4 പേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും, 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ 50 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു.