നിതിൻരാജിന്റെ മരണം: ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു

 

അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഓറൽ പാത്തോളജി വിഭാഗം മേധാവിയായ ഡോ. റാമിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, കേസിലെ രണ്ടാം പ്രതിയും അസോസിയറ്റ് പ്രൊഫസറുമായ ഡോ. കെ.ടി. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകൾ പരിഗണിച്ചാണ് കോടതി നടപടി. നിതിൻരാജ് നിരന്തരമായ മാനസിക അധിക്ഷേപത്തിന് ഇരയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നതായി കോടതിയിൽ ബോധിപ്പിച്ചു. സംഭവദിവസം ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുമണി വരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയത് സംശയാസ്പദമാണെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

മരണത്തിന് മുൻപ് നിതിൻരാജ് തന്റെ സഹോദരിക്ക് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങൾ കേസിൽ നിർണ്ണായക തെളിവുകളായി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ച സമയത്തും ഡോ. റാം സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.