നിതിൻ രാജ് ആത്മഹത്യാക്കേസ്: ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; ഹർജി സുപ്രീംകോടതി തള്ളി

 

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാക്കേസിൽ ആരോപണവിധേയനായ ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ക്ലാസ് മുറിയിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് നിതിൻ രാജിനെ അധിക്ഷേപിച്ചുവെന്നതിന് സാക്ഷിമൊഴികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്ന് തന്നെ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

നിതിൻ രാജ് മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും ഡോ. എം കെ റാമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പലതവണ പ്രതിയെ തേടി അന്വേഷണസംഘം ആന്ധ്രാ പ്രദേശ് ഉൾപ്പെടെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്‌തെങ്കിലും പ്രതി എവിടെയുണ്ട് എന്നത് സംബന്ധിച്ച വിവരം ലഭിച്ചില്ല.കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.ഏപ്രിൽ 10-ന് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയാണ് നിതിൻ രാജ് ജീവനൊടുക്കിയത്. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു.