നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച അന്വേഷിക്കും; റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി

 

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ സംഭവിച്ച വീഴ്ചകൾ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജിയോട് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. അതേസമയം, നിതിൻ രാജിന്റെ മരണം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെയും നിയോഗിച്ചു. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.നിതിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ കുടകില്‍ നിന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. പിന്നാലെ കോടതി വളപ്പില്‍ നിന്ന് വീണ്ടും റാമിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നീക്കമുണ്ടായി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച സംഭവിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.