നിതിൻ രാജിന്റെ മരണം: ഇടപെട്ട് ഗവർണർ; കർശന നടപടി സ്വീകരിക്കാൻ വിസിക്ക് നിർദേശം

 

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ടു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന് ഗവർണർ നിർദേശം നൽകി. കഴിഞ്ഞ ദിവസം നിതിന്റെ വീട് സന്ദർശിച്ച വിസി, ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദാക്ഷിണ്യമില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവർണറുടെ കർശന നിർദേശം.

സംഭവത്തിൽ സർവകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി നാളെ കോളേജിലെത്തി തെളിവെടുപ്പ് നടത്തും. രണ്ട് ദിവസങ്ങളിലായി ക്യാമ്പസിൽ തങ്ങുന്ന സമിതി വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും മൊഴിയെടുക്കും. നിതിനെ ജാതീയമായി അധിക്ഷേപിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

ആരോപണവിധേയരായ രണ്ട് അധ്യാപകരെയും കോളേജ് അധികൃതർ ഇതിനോടകം സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇവർ ഇപ്പോഴും ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ അധിക്ഷേപങ്ങളാണ് മകന്റെ മരണത്തിന് കാരണമെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു. അന്വേഷണം ഊർജ്ജിതമാക്കി കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെയും സഹപാഠികളുടെയും ആവശ്യം.