നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
Jun 12, 2026, 13:36 IST
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി ആർ. എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. റാമിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി.തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കേസിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ജാമ്യഹർജിയിൽ ഡോ. റാം പറഞ്ഞു. നേരത്തെ സെഷൻസ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് റാം അഭിഭാഷകൻ മുഖേനെ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കൃത്യമായ ഇടപെടലുകൾ പൊതുമധ്യത്തിൽ മാധ്യമങ്ങൾ നടത്തുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഏപ്രിൽ 10-നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ദന്തൽ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.