നിതിൻ രാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

 

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അനാട്ടമി വിഭാഗം മേധാവി ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ സമർപ്പിച്ച ഹർജികളിലാണ് തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കുന്നത്.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. നിതിന്റെ മരണത്തിന് ഉത്തരവാദികൾ ഈ അധ്യാപകരാണെന്നും അവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് നിതിന്റെ കുടുംബവും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള (SC/ST Act) വകുപ്പുകളും പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്നാണ് കുടുംബത്തിന്റെ വാദം.

അതേസമയം, നിതിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് നടത്തിയതെന്നുമാണ് അധ്യാപകരുടെ വാദം. കേസിൽ പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഇന്ന് കോളേജ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി വിധി കേസിൽ ഏറെ നിർണ്ണായകമാകും.