സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ എൽ.എൽ.എ
സ്ത്രീ ശാക്തീകരണ വിഷയത്തിലുള്ള തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും എന്നാൽ പ്രസ്താവനകളുടെ പേരിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും മുസ്‌ലിം ലീഗ് എം.എൽ.എ ഫാത്തിമ തഹ്‌ലിയ. സ്ത്രീകളെ പൊതുവേദികളിൽ കൊണ്ടുവരുന്നത് വലിയ വിനാശത്തിന് കാരണമാകുമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പേരാമ്പ്രയിൽ നിന്നുള്ള ജനപ്രതിനിധിയായ തഹ്‌ലിയ.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള നിലപാടുകളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും, ഇക്കാര്യത്തിൽ മുൻപ് എടുത്ത രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും, മുതിർന്ന മതപണ്ഡിതനായ കാന്തപുരത്തെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളോ വ്യക്തിപരമായ ആക്രമണങ്ങളോ പിന്തുണയ്ക്കില്ലെന്നും തഹ്‌ലിയ വ്യക്തമാക്കി.
സ്ത്രീകളെ പൊതുരംഗത്തിറക്കുന്നതിനെതിരെയുള്ള കാന്തപുരത്തിന്റെ പരാമർശത്തെ എതിർത്ത് കെ. മുരളിധരൻ അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയ നിയമസഭയിലെത്തിയത് സ്ത്രീ ശാക്തീകരണത്തിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് തഹ്‌ലിയയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.