വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിച്ചില്ല; തട്ടിപ്പ് നടത്തിയ കാറ്ററിങ് ഉടമ കസ്റ്റഡിയിൽ
Sep 17, 2026, 21:30 IST
വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം തട്ടിപ്പ് നടത്തിയ കേസിൽ കാറ്ററിങ് സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ്' ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും.
സെപ്റ്റംബർ 13-ന് മുണ്ടക്കയം, കഞ്ഞക്കുഴി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ വിവാഹങ്ങൾക്ക് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന കാണിച്ചതിനാണ് കേസ്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബിഎൻഎസ് 316, 318 ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.