'അർഹതപ്പെട്ട പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായില്ല'; ഐ.എച്ച്.ആർ.ഡി സ്ഥാനമാറ്റത്തിന് പിന്നാലെ പ്രതികരണവുമായി വി.എ. അരുൺകുമാർ

 

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ ഐ.എച്ച്.ആർ.ഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ്) ഡയറക്ടർ പദവിയിൽ നിന്ന് നീക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പൂഞ്ഞാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായ എം.വി. രാജേഷിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഐ.എച്ച്.ആർ.ഡിയുടെ ഡയറക്ടർ ഇൻ ചാർജ് ആയി തുടർന്നു വരികയായിരുന്നു വി.എ. അരുൺകുമാർ.

പദവിയിൽ നിന്നൊഴിഞ്ഞതിന് തൊട്ടുപിന്നാലെ സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണവുമായി അരുൺകുമാർ രംഗത്തെത്തി. കഴിഞ്ഞ 32 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള വിവിധ പദവികളിൽ ആത്മാർത്ഥമായി സേവനമനുഷ്ഠിച്ചിട്ടും തനിക്ക് അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി താൽക്കാലിക ചുമതല വഹിച്ചിരുന്ന അരുൺകുമാറിന്റെ നിയമനത്തിനെതിരെ നേരത്തെ വലിയ തോതിൽ ആക്ഷേപങ്ങളും നിയമപോരാട്ടങ്ങളും ഉയർന്നിരുന്നു.

വി.എ. അരുൺകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഐ.എച്ച്.ആർ.ഡി. (IHRD) ഡയറക്ടറുടെ ചുമതലയിൽനിന്നുള്ള പുതിയ മാറ്റത്തിന്റെ ഉത്തരവ് (G.O.(Ms) No.471/2026/HEDN) ഇന്ന് പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ 32 വർഷക്കാലത്തെ നീണ്ട സർവീസിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും, അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അഡിഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവർത്തിക്കപ്പെട്ടത്. അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും, വലിയൊരു ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം. ഡയറക്ടറുടെ ചുമതല വഹിക്കാൻ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ഐ.എച്ച്.ആർ.ഡി. എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, ഈ മേഖലയിൽ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവി.